വെറുമൊരു മിസ്ഡ് കോളിലൂടെ വിവരങ്ങൾ ചോർത്തും പെഗസസ് സ്‌പൈവെയർ; എന്താണ് ലോകത്തെ ഭീതിയിലാഴ്ത്തിയ പെഗസസ് ? [24 Explainer]

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് പെഗസസ് എന്ന സ്‌പൈവെയർ. ഇസ്രായേൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ്പാണ് പെഗസസിന് പിന്നിൽ. വെറുമൊരു വാട്ട്‌സാപ്പ് കോളിലൂടെ നമ്മുടെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന ഈ സ്‌പൈവെയറിനെ കുറിച്ച് വാട്ട്‌സാപ്പ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ലോകം പെഗസസിനെ കുറിച്ച് അന്വേഷണം തുടങ്ങി.

എന്താണ് പെഗസസ് ?

മൂന്ന് വയസ്സ് പ്രായമുള്ള പെഗാസസ് ഒരു സാധാരണ സ്‌പൈവെയർ അല്ല. സാധാരണഗതിയിൽ മൊബൈലിൽ ലിങ്കുകൾ അയച്ചാണ് പെഗസസ് പണി തുടങ്ങുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പെഗസസ് ഫോണിൽ ഇൻസ്‌റ്റോളാകും. പിന്നീട് ഫോണിന്റെ പ്രവർത്തനം പെഗസസ് ഏറ്റെടുക്കും. പാസ്വേഡുകൾ, കോൺടാക്ടുകൾ, ടെക്‌സ് മെസ്സേജുകൾ എന്നിവ ചേർത്താൻ പെഗസസിനാകും. അവിടംകൊണ്ട് അവസാനിക്കുന്നില്ല, ക്യാമറ, മൈക്രോഫോൺ മുതൽ ജിപിഎസ് വരെ ട്രാക്ക് ചെയ്ത് നമ്മുടെ ലൊക്കേഷൻ വരെ മനസ്സിലാക്കാൻ പെഗസസിനാകും.

നിലവിൽ വാട്ട്‌സാപ്പിലൂടെയാണ് പെഗസസിന്റെ പ്രവർത്തനം. വീഡിയോ, വോയ്‌സ് കോളുകൾക്കായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് VoIP സ്റ്റാക്കാണ് പെഗസസ് ഇത്തവണ ലക്ഷ്യം വച്ചത്. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെങ്കിലും കോളുകളിലെ സുരക്ഷാ പിഴവിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

Read Also : സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കർ’ മാൽവെയർ; ബാധിച്ചിരിക്കുന്നത് 24 ആൻഡ്രോയിഡ് ആപ്പുകളെ

പ്രവർത്തന രീതി

വാട്ട്‌സാപ്പ് കോൾ വഴിയാണ് പെഗസസ് പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക നമ്പറിൽ നിന്ന് വരുന്ന കോൾ ഉപയോക്താവ് അറ്റൻഡ് ചെയ്തില്ലെങ്കിൽ കൂടി അതിലൂടെ പെഗസസ് ഇൻസ്‌റ്റോളാകും. അതുകൊണ്ട് തന്നെ പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് വാട്ട്‌സാപ്പ് ഈ ഭീകരനെ ചെറുക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്.

കണ്ടുപിടിക്കുക ദുഷ്‌കരം

ടൊറന്റോ സർവകലാശാലയിലെ ‘ദി സിറ്റിസൺ ലാബിന്റെ’ സഹായത്തോടെയാണ് വാട്ട്‌സാപ്പ് പെഗസസ് വിവരം ചോർത്തുന്നത് കണ്ടെത്തിയത്. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾക്ക് കണ്ടെത്താനാകാത്ത തരത്തിലാണ് പെഗസസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓപ്പറേറ്റർക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരാളുടെ ഫോണിലുള്ള പെഗസസ് സ്‌പൈവെയറിനെ ഡിയാക്ടിവേറ്റ് ചെയ്ത് നീക്കം ചെയ്യാമെന്ന് സിറ്റിസൺ ലാബ് അധികൃതർ പറയുന്നു.

ആരെയൊക്കെ ബാധിച്ചു ?

സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, തുടങ്ങിയവരെയാണ് പെഗസസ് ലക്ഷ്യംവച്ചിരിക്കുന്നത്. ആഗോള തലത്തിൽ 1400 ൽ പരം പേരെ പെഗസസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

നിയമവഴിയിൽ വാട്ട്‌സാപ്പ്

പെഗസസിന്റെ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വാട്ട്‌സാപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. യുഎസ്, കാലിഫോർണിയ നിയമങ്ങൾക്കും വാട്ട്‌സാപ്പിന്റെ തന്നെ നിയമാവലിയ്ക്കും എതിരാണ് ഈ സ്‌പൈവെയർ. ഒരു എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്ലിക്കേഷൻ ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു ആക്രമണത്തിന്റെ പേരിൽ നിയമയുദ്ധം നടത്തുന്നത് ഇതാദ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More