വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുത്; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ചെറുപ്പക്കാര്‍ക്കു നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രാദേശിക തലം മുതല്‍ തന്നെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സെക്രട്ടേറിയറ്റും അതേ വികാരം പങ്കുവച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയോ ലക്ഷ്യമിട്ടല്ല, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളായി കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
Read More:യുഎപിഎ അറസ്റ്റ്; സിപിഐഎമ്മിലെ ഭിന്നത രൂക്ഷമാകുന്നു
യുഎപിഎയ്‌ക്കെതിരെ ദേശീയതലത്തില്‍ തന്നെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ തന്നെ അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐഎം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ യുഎപിഎ ചുമത്തുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്.
എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരം ഒരു സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കാനാവുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്നുവന്ന നയങ്ങള്‍ വീണ്ടും തുടരണമെന്നും വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here