വിവരചോര്‍ച്ച രണ്ടുതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു; വാട്‌സ്ആപ്പ്

ജൂണ്‍ മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും പെഗസസ് ചാര സോഫ്റ്റ്‌വേയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്‌സ്ആപ്പ് അറിയിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തിന് മറുപടിയുമായി വാട്‌സ്ആപ്പ്. വിവരചോര്‍ച്ച രണ്ടുതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായി കമ്പനി പ്രതിനിധി അറിയിച്ചു. ഇതോടെ വിവരചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. മേയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നു. സെപ്റ്റംബറിലും വിവര ചോര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെഗസസിന് പിന്നിലുള്ള ഇസ്രയേല്‍ സൈബര്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സുരക്ഷ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഹാക്കര്‍മാരില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്നു. എല്ലാ സന്ദേശങ്ങളുടെയും സംരക്ഷണത്തിന് വാട്‌സ്ആപ്പ് പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വിശദീകരിച്ചു.
അതേസമയം മേയില്‍ വാട്‌സ്ആപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ വിശദാംശങ്ങളില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പെഗസസ്, എന്‍എസ്ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമര്‍ശം ഉണ്ടായിട്ടില്ലെന്നാണ് ഐടി മന്ത്രാലയം നല്‍കുന്ന വിവരം. ചോര്‍ച്ച സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിന് നല്‍കിയ സമയം നാളെ അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here