അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: സിപിഐ നിലപാടിനെ പരോക്ഷമായി വിമർശിച്ച് സിപിഐഎം മുഖപത്രം

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലപാതകത്തിൽ സിപിഐ നിലപാടിനെ പരോക്ഷമായി വിമർശിച്ച് സിപിഐഎം മുഖപത്രം. സർക്കാരിനെ വിമർശിക്കുന്ന കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.
യുഎപിഎ കേസിൽ പൊലീസിനെ വിമർശിച്ചും അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് ആരോപിച്ചും സിപിഐ മുഖപത്രം ഇന്നലെ മുഖപ്രസംഗം എഴുതിയിരുന്നു.
യുഎപിഎ നിയമം ദുരപയോഗം ചെയ്യരുതെന്ന തലക്കെട്ടിലുള്ള മുഖപ്രസംഗമാണ് സിപിഐക്കെതിരെ പരോക്ഷവിമർശനങ്ങൾ ഉന്നയിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്ന കോലാഹലക്കാർ മാവോയിസ്റ്റ് ഭീകരതയെ നിസാരവൽക്കരിക്കുകയാണ്. പൊലീസിനെയും സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർത്തുന്നതിലൂടെ ആർക്കാണ് ഗുണം? ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കുമുണ്ട്. നിലമ്പൂരിൽ കുപ്പു ദേവരാജ് കൊല്ലപ്പെട്ടപ്പോഴും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉയർന്നിരുന്നെന്നും മുഖപ്രസംഗം പറയുന്നു.
യുഎപിഎ ദുരുപയോഗം അനുവദിക്കരുത്. ലഘുലേഖ കൈമാറിയതിനും ആശയപ്രചരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്നാണ് സിപിഐഎം നിലപാട്. ഒരു തരത്തിലുള്ള നീതിനിഷേധത്തിനും സർക്കാർ കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശാഭിമാനി ഓർമിപ്പിക്കുന്നു.
അതിനിടെ മാവോയിസ്റ്റുകളുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന സിപിഐ പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here