‘കോപ്പിയടിച്ചെങ്കിൽ അതെന്റെ കഴിവ്’; നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി

കോപ്പിയടിച്ചെങ്കിൽ അത് തൻ്റെ കഴിവെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാൾ നൽകിയ കമൻ്റിനു മറുപടിയുമായാണ് നസീം നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.
‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് നസീം ചിത്രം അപ്ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ ‘നീയൊക്കെ എങ്ങനെ തോൽക്കും. അമ്മാതിരി കോപ്പിയടി അല്ലേ’യെന്ന് ഒരാൾ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിൻ്റെ കമൻ്റ്. ‘കോപ്പി അടിച്ചെങ്കിൽ അതെൻ്റെ കഴിവ്. ഒന്നു പോടേ’ എന്നായിരുന്നു നസീമിൻ്റെ കമൻ്റ്. വിവാദമായതിനെത്തുടർന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.
അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും പൊലീസ് കുറ്റപത്രം സമർപ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ നസീം ഇത്തരത്തിൽ കമൻ്റിട്ടത്.
യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കുത്തിയ കേസിൽ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. ഈ സംഭവത്തിനു ശേഷമാണ് പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഇരുവരും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here