സന്തോഷ് ട്രോഫി യോഗ്യതാ മത്സരം: എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്ധ്രയെ തകര്‍ത്ത് കേരളം

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട്ട് നടന്ന മത്സരത്തില്‍ വിപിന്‍ തോമസും ലിയോണ്‍ അഗസ്റ്റ്യനും നേടിയ ഗോളുകളിലൂടെ 2 -0 ന്റെ ലീഡുമായാണ് കേരളം ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ എമില്‍ ബെന്നിയുടെ ഇരട്ട ഗോളും ഷിഹാദിന്റെ ഗോളുമാണ് കേരളത്തിന് അതിഗംഭീര വിജയം ഒരുക്കിയത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ ദയനീയ പരാജയത്തില്‍ നിന്ന് വന്‍ തിരിച്ചുവരവാണ് കേരളം നടത്തിയിരിക്കുന്നത്. അടിമുടി മാറിയ ടീം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയാണ് എമില്‍ ബെന്നി ഇരട്ട ഗോളുകള്‍ നേടിയത്.

കളി തുടങ്ങി ആദ്യ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്ന കേരളം പിന്നീടങ്ങോട്ട് കളിക്കളം അടക്കിവാഴുകയായിരുന്നു. 44 ാം മിനിറ്റിലാണ് വിപിന്‍ തോമസ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെയെത്തി ലിയോണ്‍ അഗസ്റ്റ്യന്റെ ഗോള്‍. ഇതിനുശേഷം രണ്ടാം പകുതിയില്‍ കളിക്കളം പൂര്‍ണമായി കൈയിലെടുത്തുകൊണ്ടായിരുന്നു കേരളത്തിന്റെ മുന്നേറ്റം.

53 ാം മിനിറ്റിലും 63 ാം മിനിറ്റിലുമായിരുന്നു എമില്‍ ബെന്നിയുടെ ഗോളുകള്‍. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു എന്‍ ഷിഹാദിന്റെ ഗോള്‍. കേരളത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് കോച്ച് ബിനു ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top