യുഎപിഎ ചുമത്തി യുവാക്കളുടെ അറസ്റ്റ്: ജാമ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസിൽ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
യുഎപിഎ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ പ്രോസിക്യൂഷൻ ഇന്ന് നിലപാട് അറിയിക്കും.
യുഎപിഎ പ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് വാദത്തിൽ നിലപാട് വ്യക്തമാക്കാൻ പ്രോസിക്യൂഷന് ബുധനാഴ്ച വരെ കോടതി സമയം അനുവദിച്ചിരുന്നു. സർക്കാർ നയമല്ല യുഎപിഎ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ എതിർക്കില്ലെന്നാണ് സൂചന.
വിദ്യാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നത് ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി വാദിക്കും. എന്നാൽ യുഎപിഎ നിലനിർത്താനാണ് തീരുമാനമെങ്കിൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ല. ജില്ലാ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ തീരുമാനം.
അതേ സമയം യുഎപിഎ ചുമത്താനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വിശദമായ റിപ്പോർട്ട് നൽകി. നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ടിൽ. 2015 മുതൽ അലനെ നിരീക്ഷിച്ചുവരികയാണെന്നും പാഠാന്തരം എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനാണ് അലനെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here