ഡൽഹിയിലെ വായു മലിനീകരണം; മുഖ്യ കാരണമായ വയൽ കത്തിക്കൽ തടയണമെന്ന് സുപ്രീം കോടതി

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് മുഖ്യ കാരണമായ വയൽ കത്തിക്കൽ തടയാൻ നടപടി നിർദേശിച്ച് സുപ്രീംകോടതി. വയൽ അവശിഷ്ടങ്ങൾക്ക് ക്വിന്റലിന് നൂറ് രൂപ കർഷകർക്ക് നൽകണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ, പാടങ്ങൾ വൃത്തിയാക്കാൻ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കർഷകർ അവസാനിപ്പിക്കുമെന്ന് കോടതി വ്യക്‌തമാക്കി. അതേസമയം, പഞ്ചാബ്, ഹരിയാന, യു.പി ചീഫ് സെക്രട്ടറിമാരെ കോടതി രൂക്ഷമായി വിമർശിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് ഇങ്ങനെ: വയൽ അവശിഷ്ടങ്ങൾക്ക് ക്വിന്റലിന് നൂറ് രൂപ വീതം പഞ്ചാബ്, ഹരിയാന, യു.പി സർക്കാരുകൾ കർഷകർക്ക് നൽകണം. ഏഴ് ദിവസത്തിനകം തുക കൈമാറണം. കച്ചി കത്തിക്കാനുള്ള യന്ത്രങ്ങളും കർഷകർക്ക് ലഭ്യമാക്കണം. രാജ്യത്തെ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന പദ്ധതി കേന്ദ്രസർക്കാർ തയാറാക്കി മൂന്ന് മാസത്തിനകം കോടതിക്ക് സമർപ്പിക്കണം. ഡൽഹിയിലെ മാലിന്യ സംസ്കരണം, ഗതാഗത സംവിധാനത്തിലെ പരിഷ്‌ക്കരണം എന്നിവയ്ക്കായി കർമപദ്ധതി തയാറാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഡൽഹി സർക്കാരിനും നിർദേശം നൽകി.
കോടതിയിൽ ഹാജരായ പഞ്ചാബ്, ഹരിയാന, യു.പി ചീഫ് സെക്രട്ടറിമാരെ ജസ്റ്റിസ് അരുൺ മിശ്ര കടുത്ത ഭാഷയിൽ വിമർശിച്ചു. വയലുകൾ കത്തിക്കുമെന്ന് സർക്കാരുകൾക്ക് അറിയമായിരുന്നിട്ടും എന്തുകൊണ്ടാണ് സജ്ജരാകാത്തതെന്ന് കോടതി ആരാഞ്ഞു. ദന്ത ഗോപുരത്തിലിരുന്ന് ജനങ്ങളെ മരിക്കാൻ വിടുന്നു. ഫണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ സീറ്റിൽ ഇരിക്കാൻ അർഹനല്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മറ്റ് കാര്യങ്ങൾക്ക് പണമുണ്ട്. കർഷകർക്ക് നൽകാനില്ലെന്നും അരുൺ മിശ്ര വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here