പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി വത്തിക്കാന് വീണ്ടും കത്തയച്ചു

കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. ഭൂമി കുംഭകോണങ്ങളിലും ബലാത്സംഗ കേസുകളിലും സഭാ അധികാരികള്‍ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിശ്ചായക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനെ അറിയിച്ചു.
തന്നെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി വത്തിക്കാന് നല്‍കിയ അപേക്ഷയിലാണ് സഭയ്‌ക്കെതിരെയുള്ള വിമര്‍ശനം. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരീസ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപേക്ഷ നേരത്തെ വത്തിക്കാന്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍ കൂടി സിസ്റ്റര്‍ ലൂസി വത്തിക്കാന് അപേക്ഷ നല്‍കിയത്.
വത്തിക്കാനിലെ ഉന്നത സഭാ അധികൃതര്‍ക്കാണ് ഇത്തവണ കത്ത് അയച്ചിരിക്കുന്നത്. തനിക്കെതിരെ എഫ്‌സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതോടൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭാ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളും അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ അപ്പീല്‍ അയച്ചിരിക്കുന്നത്.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചുവെന്നാരോപിച്ച് എഫ്‌സിസി തന്നെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഇതുവരെ തന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും പന്ത്രണ്ട് പേജുള്ള കത്തില്‍ സിസ്റ്റര്‍ പറയുന്നു. മഠത്തില്‍ നിന്ന് പുറത്താക്കിയാല്‍ തനിക്ക് ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തി തരണമെന്നും ഇത്രയും നാളത്തെ തന്റെ സേവനത്തിനുള്ള പ്രതിഫലം തനിക്ക് ലഭിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here