ഗുരുവായൂരിൽ കോടികൾ വെട്ടിച്ച് മുങ്ങിയ വ്യാജ ഐപിഎസ്സുകാരൻ അറസ്റ്റിൽ

കോടികൾ വെട്ടിച്ച് മുങ്ങിയ വ്യാജ ഐപിഎസ്സുകാരൻ വിപിൻ കാർത്തിക് അറസ്റ്റിൽ. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസിൽ വിപിനെ പാലക്കാട് വച്ചാണ് അറസ്റ്റ് ചെയ്തത്.

ഐപിഎസുകാരനാണെന്ന് വിപിൻ കാർത്തിക്കും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മ ശ്യാമളയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശികളായ ഇരുവരും ചേർന്ന് വ്യാജ ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്നായി കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഈ പണം ഉപയോഗിച്ച് ആഡംബരകാറുകൾ വാങ്ങിയശേഷം ഇവ മറിച്ചുവിൽക്കും. തലശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവർക്ക് ഗുരുവായൂർ താമരയൂരിൽ ഫ്‌ളാറ്റുമുണ്ട്.

Read Also : ഗുരുവായൂരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; പ്രതി ഓടിരക്ഷപ്പെട്ടു; കൂട്ടുപ്രതിയായ അമ്മ പൊലീസ് പിടിയില്‍

ഫ്‌ളാറ്റിലെ വിലാസത്തിലുള്ള ആധാർ നൽകിയാണ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്. ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കിൽനിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. അഞ്ചുലക്ഷം രൂപ മിനിമം ബാലൻസായി കാണിക്കുകയും ചെയ്യും. നിരവധി പരാതികൾ വിപിനിനെതിരെ നിലവിലുണ്ട്.

ഇന്ത്യൻ ഓവർസീസ് ബാങ്കിലെ മാനേജർ നൽകിയ പരാതിയിൽ നടത്തിയ പരിധോധനയിലാണ് വിപിൻ പോലീസിന്റെ പിടിയിലായത്. ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്നാണ് വിപിൻ പ്രചരിപ്പിച്ചിരുന്നത്. വായ്പ തട്ടിപ്പുകേസിൽ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top