ഷാപ്പ് തുറക്കാതിരിക്കാന്‍ കള്ളുമായി എത്തിയ വാഹനത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടില്‍ ആദിവാസി കോളനിയില്‍ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കള്ളുമായി എത്തിയ വാഹനത്തിനു മുന്നില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയാണ് കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തെ നാട്ടുകാര്‍ പ്രതിരോധിച്ചത്.

വഴിക്കടവ് പഞ്ചായത്തിലെ മേലെ വെള്ളക്കെട്ട് എസ്‌സി കോളനിയിലാണ് കള്ളുഷാപ്പ് തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയത്. എസ്‌സി വിഭാഗത്തിലെ ഒരു വ്യക്തിക്ക് സര്‍ക്കാരിന്റെ സഹായധനം ഉപയോഗിച്ച് നിര്‍മിച്ച വീട്ടിലാണ് കള്ളുഷാപ്പിന് അനുവാദം ലഭിച്ചത്. ഷാപ്പ് തുടങ്ങാനുള്ള നീക്കമറിഞ്ഞ നാട്ടുകാര്‍ കഴിഞ്ഞ ആറുമാസമായി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മദ്യവുമായി വാഹനമെത്തിയത്.

ഇതറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചെത്തി വഴിയില്‍ വാഹനം തടയുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാറിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പോലീസെത്തി സമരക്കാരെ നീക്കാന്‍ ശ്രമിച്ചുവെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. മദ്യവുമായി എത്തിയ വാഹനം മടങ്ങി പോകണം എന്ന് നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. പോലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ വാഹനം മടക്കി അയച്ചു.

കള്ള്ഷാപ്പിനെതിരെ നാട്ടുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. വനത്തിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് കള്ളുഷാപ്പ് തുടങ്ങിയാല്‍ അത് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാടുന്നു. പട്ടികജാതി വിഭാഗത്തിന് സര്‍ക്കാര്‍ സഹായത്തില്‍ അനുവദിച്ച വീട് കള്ളുഷാപ്പിനു വേണ്ടി കൊമേഴ്‌സല്‍ ആക്കി തരം മാറ്റിയത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top