മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട് മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മാറ്റം. കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈഎസ്പി ഷെഫീക്ക് എം ഫിറോസിനെയാണ് മാറ്റിയത്. മലപ്പുറം ഡിവൈഎസ്പി വി എ ഉല്ലാസിനാണ് പുതിയ അന്വേഷണ ചുമതല. രണ്ടാം ദിവസത്തെ ഏറ്റുമുട്ടലിന്റെ അന്വേഷണത്തില്‍ നിന്നാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.
മഞ്ചക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. ആദ്യ ദിവസം പൊലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. ഇതിലാണ് ക്രൈംബ്രാഞ്ച് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടക്കം സംഭവം നടന്ന സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ചാണ് രണ്ടാമത്തെ കേസ്. നിലവില്‍ രണ്ട് കേസുകളുടെയും അന്വേഷണ ചുമതല പാലക്കാട് ഡിവൈഎസ്പി ഷെഫീക്ക് എം ഫിറോസിനായിരുന്നു.
എന്നാല്‍ രണ്ടാം ദിവസത്തെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവിടെ സാക്ഷിയായി ഫിറോസ് ഉണ്ടായിരുന്നു. ഇതിനാലാണ് രണ്ടാം ദിവസത്തെ ഏറ്റുമുട്ടലിന്റെ അന്വേഷണത്തില്‍ നിന്നുമാത്രം ഫിറോസിനെ നീക്കിയത്. നിഷ്പക്ഷ അന്വേഷണത്തിനായി ഫിറോസിനെ മാറ്റിയെന്നാണ്
ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here