ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ജനം; ചുവന്ന പെയിന്റിൽ മുക്കി; മുടി മുറിച്ചു; വീഡിയോ

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ജനം. മേയർ പട്രീഷ്യ ആർസെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റിൽ മുക്കി മുടിയെല്ലാം മുറിച്ച് ആക്രമിച്ചത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുണ്ടായ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മേയർക്കെതിരെയുള്ള ആക്രമണം.

സെൻട്രൽ ബൊളീവിയയിലെ കൊച്ചബാംബ പ്രവിശ്യയിലെ ചെറുപട്ടണമാണ് വിന്റോ. വിന്റോയിലെ പാലത്തിൽ സർക്കാർ വിരോധികൾ പ്രതിഷേധം നടത്തുകയായിരുന്നു. ഒക്ടോബർ 20ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു പ്രതിഷേധം. അതിനിടെയാണ് പ്രതിഷേധക്കാരിൽ രണ്ട് പേരെ നിലവിലെ പ്രസിഡന്റായ ഇവോ മൊറാൽസിന്റെ അനുകൂലികൾ കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവരുന്നത്.

Read Also : അനധികൃത കുടിയേറ്റം; വടക്കന്‍ ഗ്രീസില്‍ ശീതികരിച്ച ട്രക്കില്‍ 41 പേരെ കണ്ടെത്തി

സർക്കാർ അനുകൂലികളെ പ്രദേശത്ത് എത്തിച്ചത് മേയർ ആർസെയാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം പ്രതിഷേധക്കാരെ ഇവരെ ആക്രമിച്ചത്. ‘കൊലപാതകി, കൊലപാതകി’ എന്ന് ആർത്തുവിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. തെരുവിലൂടെ നഗ്നപാദയായി വലിച്ചിഴച്ച്, നഗരമധ്യത്തിൽ മുട്ടുകുത്തിച്ച് ചുവന്ന പെയിന്റ് ഒഴിച്ച്, മുടിയും മുറിച്ചാണ് മേയർ പട്രീഷ്യ ആർസെയെ ജനം ആക്രമിച്ചത്. ഒടുവിൽ പൊലീസെത്തി മേയറെ രക്ഷിച്ച് സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

മരിച്ച രണ്ട് പേരിൽ ഒരാൾ ഇരുപതുകാരനായ വിദ്യാർത്ഥി ലിംബർട്ടാണ്. ഒക്ടോബർ 20 മുതൽ തുടങ്ങിയ പ്രതിഷേധത്തിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് മൂന്ന് പേരാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More