കുട്ടിക്കൂട്ടം കലൂരിലേക്ക്; സംഘത്തിന് ബ്ലാസ്റ്റേഴ്സിന്റെ ക്ഷണം

ഫുട്ബോൾ വാങ്ങാൻ യോഗം ചേർന്ന കുട്ടി ഫുട്ബോൾ സംഘത്തിന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്ഷണം. യോഗത്തിൻ്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലായതിനെത്തുടർന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ സംഘത്തെ കലൂരിലേക്ക് ക്ഷണിച്ചത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവർ അർഹിക്കുന്നത് നൽകുമെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു.

Read Also: ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള പിരിവിനായി കുട്ടികളുടെ മീറ്റിംഗ്; വീഡിയോ വൈറൽ

‘ഫുട്ബോൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. പരസ്പരം ഒരുമിച്ചു കൂടി സ്വയം ഫുട്ബോൾ വാങ്ങാനുള്ള വഴികൾ ചർച്ച ചെയ്യുന്ന ഈ കുട്ടികളുടെ നിഷ്കളങ്കതയും നിലപാടും ഞങ്ങളെ കീഴ്പ്പെടുത്തിക്കളഞ്ഞു. അവരുടെ അത്യുത്സാഹവും ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹവും കൊണ്ട് ഞങ്ങൾ അവരെ കലൂർ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് അവർ അർഹിക്കുന്നത് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മനോഹരമായ ദൃശ്യം പകർത്തിയ സുഷാന്തിന് നന്ദി’- സുഷാന്തിൻ്റെ വീഡിയോ പങ്കു വെച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് കുറിച്ചു.

മലപ്പുറം നിലമ്പൂരിലുള്ള കുറച്ച് കുട്ടികളാണ് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള യോഗം നടത്തിയത്. മടൽ കുത്തി വെച്ചുണ്ടാക്കിയ മൈക്കിലൂടെ ഒരു കുട്ടി സംസാരിക്കുന്നതും അതു കേട്ട് നിലത്തും നിലത്തിട്ടിരിക്കുന്ന മരത്തടിയിലുമായി മറ്റു കുട്ടികൾ ഇരിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ പലരും ഈ കുഞ്ഞുങ്ങളെ തേടി വന്നിരുന്നു. സ്പെയിനിൽ നിന്നുള്ള ഫുട്ബോൾ കോച്ച്, നടൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവർ ഈ കുഞ്ഞുങ്ങൾക്ക് പന്തും ജേഴ്സികളും സമ്മാനിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More