തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം പള്ളിയിൽ വിധി നടപ്പാക്കണമെന്ന് കോടതി

യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി പള്ളിയിൽ വിധി നടപ്പാക്കണമെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് കോടതി കർശന നിർദേശം നൽകി. അതോടൊപ്പം തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പള്ളിയിലും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധിയുണ്ടായി.

ചോരക്കുഴി പള്ളിയിൽ 1934 ലെ ഭരണഘടന നടപ്പാക്കണമെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിശ്വാസികൾക്ക് പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഓർത്തഡോക്സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചത്.

ചോരക്കുഴി പള്ളിയിൽ വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്. സിആർപിസിയിൽ പറയുന്ന എല്ലാ വകുപ്പുകളും കളക്ടർക്ക് ഉപയോഗിക്കാമെന്നാണ് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിശ്വാസികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി വ്യക്തമാക്കി. നീതിയുടെ വിജയമാണിതെന്നും ഇനിയെങ്കിലും കോടതി വിധികൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും തയാറാകണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.

അതേ സമയം തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പള്ളിയിലും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധിയുണ്ടായി. മുളന്തുരുത്തി പള്ളിയിലും 1934 ലെ ഭരണഘടന നടപ്പാക്കണമെന്ന് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. സുപ്രീംകോടതി വിധി മുളന്തുരുത്തിയിലും ബാധകമാണ്. സ്വതന്ത്ര ഭരണഘടന അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ വാദം പള്ളി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യക കോടതി തള്ളി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More