പന്തിന് സമയം നൽകൂ; എല്ലാം ശരിയാകുമെന്ന് സൗരവ് ഗാംഗുലി

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്തുണയുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. താരത്തിനെതിരായ വിമർശന സ്വരങ്ങൾക്ക് കരുത്ത് വർധിക്കവേയാണ് ഗാംഗുലി പന്തിന് പിന്തുണയുമായി എത്തിയത്. പന്ത് മികച്ച താരമാണെന്നും എല്ലാം ശരിയാവുമെന്നും അദ്ദേഹം പറഞ്ഞു.
“അദ്ദേഹം മികച്ച താരമാണ്. സമയം കൊടുത്താൽ എല്ലാം ശരിയാകും. അദ്ദേഹം സാവധാനത്തിൽ പക്വത കൈവരിക്കും. നിങ്ങൾ സമയം നൽകൂ”- വിക്കറ്റിനു മുന്നിൽ ധോണിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഗാംഗുലി പറഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിൻ്റെ പ്രകടനം വിമർശനങ്ങൾക്ക് വിധേയമായിരുന്നു. രണ്ടാം മത്സരത്തിൽ ഒരു സ്റ്റമ്പിങ് ചാൻസ് പന്ത് നഷ്ടപ്പെടുത്തിയത് രൂക്ഷമായ വിമർശനങ്ങൾക്ക് വഴി തെളിച്ചു. സഹീർ ഖാൻ അടക്കമുള്ള താരങ്ങൾ പതിനെ മാറ്റിപ്പരീക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.
ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്ത് പരമ്പരയിൽ ഒപ്പം പിടിച്ചിരുന്നു. 85 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
നാളെ വിദർഭയിലാണ് മൂന്നാമത്തെ മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here