സയ്യിദ് മുഷ്താഖ് അലി ട്രോഫി; ത്രിപുരയെ 14 റണ്‍സിന് പരാജയപ്പെടുത്തി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ത്രിപുരയെ 14 റണ്‍സിന് പരാജയപ്പെടുത്തി കേരളം. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുക്കാനെ ത്രിപുരയ്ക്കായുള്ളൂ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് കേരളം അടിച്ചു കൂട്ടിയത്.
58 റണ്‍സെടുത്ത സച്ചിന്‍ ബേബിയായിരുന്നു കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ബേസില്‍ തമ്പി എന്നിവരും കേരളത്തിനായി തിളങ്ങി. ത്രിപുരയ്ക്കുവേണ്ടി മിലിന്ത് കുമാര്‍ മാത്രമാണ് മികച്ച രീതിയില്‍ കളിച്ചത്. 54 റണ്‍സ് നേടിയ മിലിന്ത് ബേസില്‍ തമ്പിയുടെ ബോളില്‍ മുഹമ്മദ് അസ്ഹറുദീന്റെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ത്രിപുര ബാറ്റിംഗ് നിരയില്‍ ഉദയന്‍ ഉത്തം കുമാര്‍, തന്മയ് മിലോ നാരായണ്‍ മിശ്ര, മണി ശങ്കര്‍ ഭാഗ്യ മണി മുരാ സിംഗ് എന്നിവര്‍ക്കാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
മികച്ച രീതിയിലായിരുന്നു കേരളത്തിന്റെ തുടക്കമെങ്കിലും രണ്ടാം ഓവറില്‍ തന്നെ വിഷ്ണു വിനോദ് പുറത്തായിരുന്നു. ആറ് പന്തുകളില്‍ 14 റണ്‍സെടുത്ത വിഷ്ണു പുറത്തായതിനു ശേഷം ക്രീസിലെത്തിയ പൊന്നം രാഹുല്‍ (7) റണ്ണൗട്ടായി മടങ്ങിയതോടെ കേരളം പരുങ്ങലിലായിരുന്നു. മൂന്നാം വിക്കറ്റില്‍ രോഹനൊപ്പം ചേര്‍ന്ന റോബിന്‍ ഉത്തപ്പ കേരള ഇന്നിംഗ്‌സിനെ മെല്ലെയെങ്കിലും മുന്നോട്ടു നയിച്ചു. 10 ാം ഓവറില്‍ 19 റണ്‍സെടുത്ത ഉത്തപ്പയും 11 ാം ഓവറില്‍ 30 റണ്‍സെടുത്ത രോഹനും മടങ്ങി.
അഞ്ചാം വിക്കറ്റില്‍ ക്രീസിലൊത്തു ചേര്‍ന്ന സച്ചിന്‍ ബേബി – മുഹമ്മദ് അസ്ഹറുദ്ദീന്‍ സഖ്യമാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. അവസാന ഓവറുകളില്‍ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ബേസില്‍ തമ്പിയാണ് കേരളത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്. 12 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സെടുത്ത ബേസില്‍ ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ പുറത്തായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here