പിഎസ്‌സി പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാർക്കെതിരെ കേസെടുത്തു

മുൻ എസ്എഫ്ഐ നേതാക്കൾ പ്രതികളായ പിഎസ്‌സി പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാർക്കെതിരെ കേസെടുത്തു. ക്രമക്കേടിന് പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ എസ്എപി ക്യാംമ്പിലെ പൊലീസുകാരൻ വിഎം ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനാണ് സഹപ്രവർത്തകരായ പൊലീസുകാർക്കെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം രജിസ്റ്റർ ചെയ്ത കേസിൽ ഗോകുലാണ് ഒന്നാം പ്രതി.

അതേസമയം, പിഎസ്‌സി പരീക്ഷാ ഹാളുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വാച്ചുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും കർശന നിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസുകാരായ ടിഎസ് രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവരെ പ്രതിചേർത്തത്. പിഎസ്സി തട്ടിപ്പ് കേസിലെ പ്രതി എസ്എപി ക്യാംമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ സഹായിച്ചതിനാണ് സഹപ്രവർത്തകർക്കെതിരെ കേസെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജ് ക്യാംമ്പസിൽ പരീക്ഷ നടക്കുന്ന സമയത്ത് ഗോകുൽ പേരൂർക്കട ക്യാംമ്പിലെ ഓഫീസിൽ ജോലിയിലാണെന്ന് തെളിയിക്കാൻ ഗോകുലും സുഹൃത്തുക്കളും ചേർന്ന് കൃത്രിമ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

പരീക്ഷാസമയത്ത് ഗോകുൽ യൂണിവേഴ്‌സിറ്റി കോളേജിനു സമീപമുണ്ടായിരുന്നു എന്നതിന് അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം രജിസ്റ്റർ ചെയ്ത കേസിൽ ഗോകുലാണ് ഒന്നാം പ്രതി. കൂടുതൽ പൊലീസുകാരുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

അതേസമയം, ക്രൈംബ്രാഞ്ച് ശുപാർശ പ്രകാരം പിഎസ്‌സി പരീക്ഷാ ഹാളുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച് , പേഴ്‌സ് , സ്റ്റേഷനറി വസ്തുക്കൾ , ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടർ നടപടികൾ പിഎസ്‌സി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎസ്‌സി ക്രമക്കേട് കേസിലെ ആറാം പ്രതി പ്രവീണിനെ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top