യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ വാദം. കേസില്‍ ഒന്നാമത്തെയും എട്ടാമത്തെയും പ്രതികളായ ജാസ്മിന്‍ ഷാ, ഭാര്യ ഷബ്‌ന എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇരുവരും ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. ജാസ്മിന്‍ ഷായ്‌ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടില്‍ നിന്ന് 2017 മുതല്‍ 2019 ജനുവരിവരെയുള്ള കാലയളവില്‍ മൂന്നരക്കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top