മരട് ഫ്‌ളാറ്റ് കേസ്; ഒന്നാം പ്രതിയുടെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ഒന്നാം പ്രതിയായ ജയിൻ കൺസ്ട്രക്ഷൻസ് എംഡി സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മരടിലെ അനധികൃത ഫ്‌ലാറ്റ് നിർമാണ കേസുമായി ബന്ധപെട്ട് സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപെട്ടതിനെ തുടർന്നാണ് നടപടി.
മുൻകൂർ ജാമ്യം നിഷേധിക്കപെട്ട സാഹചര്യത്തിൽ സന്ദീപ് മേത്തയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഈ മാസം 18 വരെയായിരുന്നു ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
നേരത്തെ കേസിലെ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ പ്രതിയായ മുൻ പഞ്ചായത്ത് ക്ലാർക്ക് ജയറാം നായ്ക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇയാൾക്കൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ പഞ്ചായത്ത് സൂപ്രണ്ട് പിഇ ജോസഫ്, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാലി ഫ്രാൻസിസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ജയറാം നായ്ക്കിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here