‘കൊച്ചി നഗരത്തിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണമോ’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വീണ്ടും ഹൈക്കോടതി. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു. റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഈ മാസം 15നു മുമ്പായി പണി പൂർത്തിയാക്കണമെന്നാണ് നിർദേശം.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയത്. കൊച്ചി നഗരസഭയ്ക്കും ജിസിഡിഎയ്ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. നവംബർ 15നു മുമ്പായി റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹർജി പരിഗണിച്ചപ്പോൾ കോർപറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. റോഡുകളുടെ മോശം അവസ്ഥയെ തുടർന്ന് മുൻപും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here