സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല

അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല. ജനസംഖ്യാവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണമെന്ന് നേരത്തെ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
ജനസംഖ്യാ വര്‍ധനവും ത്രിതല ഭരണസംവിധാനവും ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിനു മുമ്പിലുള്ള ശുപാര്‍ശ.
പുതുതായി രൂപീകരിക്കാന്‍ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രളയദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാനാവില്ല. പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
അടുത്ത വര്‍ഷം ഒക്ടോബറില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഇതിന് മുമ്പായി പഞ്ചായത്ത് വിഭജനവും വോട്ടര്‍പട്ടിക തയാറാക്കലും പ്രായോഗികമല്ല. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അതിരുകളുടെ അടിസ്ഥാനത്തിലാണ് 2021 സെന്‍സസ് നടക്കുക. ഇപ്പോള്‍ പഞ്ചായത്ത് വിഭജനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ ഇക്കാര്യവും പരിഗണിച്ചെന്നാണ് സൂചന. പുതിയ മുനിസിപ്പാലിറ്റിയും കോര്‍പറേഷനും വേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here