മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ; ബന്ധുക്കൾ തമിഴ്നാട് ഡിജിപിക്ക് പരാതി നൽകും

മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ തമിഴ്നാട് ഡിജിപിക്ക് പരാതി നൽകും.
ദൂരുഹത നീക്കാൻ നിയപോരാട്ടം ശക്തമാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉൾപ്പടെയുള്ളവർക്ക് വരും ദിവസങ്ങളിൽ പരാതി നൽകുമെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.
ഇന്നലെ ഫാത്തിമാ ലത്തീഫിന്റെ വീട്ടുകാർ മന്ത്രി മേഴ്സിക്കുട്ടിയമ്മ, കൊല്ലം മേയർ വി. രാജേന്ദ്രബാബു, എംഎൽഎമാരായ നൗഷാദ്, മുകേഷ് എന്നിവർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചിരുന്നു.
ഈ മാസം 9 നാണ്് മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. അധ്യാപകനായ സുദർശൻ പത്മനാഭനായിരിക്കും തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാർ പറയുന്നു. വിഷയം അന്വേഷിക്കാൻ ചെന്നൈയിലെത്തിയ മേയർ രാജേന്ദ്രബാബു ഉൾപ്പടെയുള്ളവരോട് ചെന്നൈ പൊലീസ് നല്ല രീതിയിലായിരുന്നില്ല പെരുമാറിയത് എന്ന ആക്ഷേപമുണ്ട്. തമിഴ്നാട് പൊലീസിന് വിഷയത്തിൽ വ്യക്തമായ അന്വേഷണം നടത്താൻ താത്പര്യമില്ലെന്നാണ് മനസിലാക്കുന്നത് എന്ന് രാജേന്ദ്രബാബു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here