മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കനത്ത സുരക്ഷയിലാണ് മൃതദേഹങ്ങൾ ഇരുവരുടെയും ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
രാവിലെ മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനായി തൃശൂർ മെഡിക്കൽ കോളജിൽ എത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ മണിവാസകത്തിന്റെ മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി. ജന്മനാട്ടിലാണ് സംസ്‌കാരം. മുദ്രാവാക്യം വിളികളോടെയാണ് പോരാട്ടം പ്രവർത്തകർ മണിവാസകത്തിന് വിട നൽകിയത്.
കാർത്തിയുടെ മൃതദേഹം തൃശൂരിൽ തന്നെ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാൽ തൃശൂരിൽ അടക്കം ചെയ്യാൻ പൊലീസ് അനുമതി നിഷേധിച്ചു. സംസ്‌കാരത്തിന് അനുമതി തേടി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി കലക്ടറും അനുമതി നിഷേധിച്ചു.
തുടർന്ന് പൊലീസ് ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ കാർത്തിയുടെ മൃതദേഹം ആറ് മണിയോടെ ജന്മനാടായ പുതുക്കോട്ടായിലേക്ക് കൊണ്ടുപോയി. എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാനാവാത്തതിനെ തുടർന്ന് ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here