ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി നാളെ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാളെ രാവിലെ 10.30 നാണ് വിധി പുറപ്പെടുവിക്കുക. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.സ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അപൂർവ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവർക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ഇതിനെതിരെ സുപ്രിംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹർജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും എത്തി. ശബരിമല യുവതീ പ്രവേശന വിധി ഒരു വർഷം പിന്നിടുമ്പോഴാണ് പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി വിധി പറയുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More