Advertisement

മണ്ഡലകാലത്തേക്ക് വേണ്ട ശർക്കര എത്തിയില്ല; ശബരിമലയിൽ പ്രസാദ നിർമാണം പ്രതിസന്ധിയിലേക്കോ?

November 13, 2019
Google News 1 minute Read

ശബരിമലയിലെ പ്രസാദ നിർമാണം വൻപ്രതിസന്ധിയിലേക്ക്. കരാറെടുത്ത സ്ഥാപനം ശർക്കര നൽകാത്തതിനെ തുടർന്നാണിത്. 40 ലക്ഷം കിലോ ശർക്കര ലഭിക്കേണ്ടിടത്ത് ഒരു കിലോ പോലും കരാറെടുത്ത സ്ഥാപനം നൽകിയിട്ടില്ല. കഷ്ടിച്ച് അഞ്ചു ദിവസത്തേക്കുള്ള ശർക്കര മാത്രമാണ് ഇപ്പോൾ സ്റ്റോക്കുള്ളത്.

മണ്ഡല- മകരവിളക്ക് ഉത്സവകാലത്തേക്ക് 40 ലക്ഷം കിലോ ശർക്കരയാണ് ആവശ്യം. പ്രസാദമായ അപ്പം, അരവണ നിർമാണത്തിനും അരവണ പായസം ഉണ്ടാക്കാനുമാണ് ഇതുപയോഗിക്കുന്നത്. പക്ഷേ ആവശ്യമുള്ള ശർക്കര ഇതുവരെ കരാർ ഏറ്റെടുത്ത കമ്പനി എത്തിച്ചിട്ടില്ല.

ഈ വർഷത്തെ ശർക്കര വിതരണത്തിന്റെ കരാർ മഹാരാഷ്ട്രയിലെ വർധാൻ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് എടുത്തിട്ടുള്ളത്. എന്നാൽ ഇതുവരേയും ശർക്കര വിതരണം ചെയ്യാൻ സ്ഥാപനം തയാറായിട്ടില്ല.

നവംബർ 10 നു മുമ്പായി 10 ലക്ഷം കിലോ ശർക്കര നൽകണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വർധാൻ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡിനു കത്തു നൽകി. ഇതു ലഭിക്കാത്തതിനാൽ നവംബർ 15നു മുമ്പായി ശർക്കര കിട്ടണമെന്ന് നവംബർ എട്ടിനു വീണ്ടും ആവശ്യപ്പെട്ടു.

എന്നാൽ ഇതുവരേയും ശർക്കര വിതരണം ആരംഭിക്കാൻ സ്ഥാപനം തയാറായിട്ടില്ല. കഴിഞ്ഞ വർഷം ശർക്കര കരാർ ഏറ്റെടുത്ത എസ് പി ഷുഗർ അഗ്രോ ലിമിറ്റഡ് 12 ലക്ഷം കിലോ കൂടി നൽകാനുണ്ട്. ഇതു നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും ഇതിലും നടപടിയുണ്ടായിട്ടില്ല.

ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം കരാറെടുത്ത സ്ഥാപനത്തിന്റെ ഫാക്ടറികളിൽ ശർക്കര ഉൽപ്പാദനം തുടങ്ങിട്ട് പോലുമില്ല. ഈ വർഷം കരാർ ഒരു സ്ഥാപനത്തിനു മാത്രമാണ് നൽകിയിട്ടുള്ളത്. ശർക്കര വിതരണത്തിൽ വീഴ്ച ഉണ്ടായതോടെ പ്രസാദ നിർമാണത്തിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ശബരിമല സ്റ്റോറിൽ 3,30,000 കിലോ ശർക്കര മാത്രമാണ് സ്റ്റോക്കുള്ളത്. ഈ സാഹചര്യത്തിൽ പ്രതിസന്ധി ഒഴിവാക്കാൻ ലോക്കൽ പർച്ചേസ് നടത്താൻ അനുവദിക്കണമെന്ന് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here