ജവഹർലാൽ നെഹ്‌റുവും ശിശുദിനവും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മദിനമാണ് ഇന്ന്. ലോകരാജ്യങ്ങൾ ഇന്ത്യയിലർപ്പിക്കുന്ന വിശ്വാസത്തിന് അടിസ്ഥാനമായ മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ വ്യവസ്ഥാപിതമാക്കിയ ദീർഘദർശിയായിരുന്നു നെഹ്റു. കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായാണ് രാജ്യം ആചരിക്കുന്നത്.

സുശക്തമായ, ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഇന്ത്യൻ ഭരണഘടനയ്ക്ക് പരമമായ പ്രാധാന്യം നൽകിയത് നെഹ്റുവാണ്. ഇന്ത്യയുടെ പുരോഗമന സ്വഭാവത്തിന് അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീഷണത്തോടെയുള്ള നിലപാടുകളായിരുന്നു. മതേതരത്വത്തിന്റെ മഹത്തായ മാതൃകയെ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹിയായിരുന്നു ജവഹർലാൽ നെഹ്റു. പരസ്പര ബഹുമാനത്തിലൂന്നിയ രാഷ്ട്രീയ സംവാദങ്ങളും നിലപാടുകളും ശാസ്ത്രബോധവും നെഹ്റുവിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ട് നയങ്ങൾ രൂപീകരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു നെഹ്റു.

രാഷ്ട്രീയ മണ്ഡലത്തിൽ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും മതപരവുമായ സമസ്തമണ്ഡലങ്ങളിലും ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തിൽ വേണം ജനങ്ങൾ മുന്നോട്ടുപോകാനെന്ന നിലപാടായിരുന്നു ജവഹർലാൽ നെഹ്റുവിന്റേത്. നിയമാനുസാരിത്വം, ബഹുസ്വരത, എല്ലാ രാഷ്ട്രീയ വീക്ഷണങ്ങളെയും ഉൾക്കൊള്ളൽ, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, ശാസ്ത്രീയ വീക്ഷണത്തിന്റെ പ്രാധാന്യം എന്നിവയിലധിഷ്ഠിതമായിരിക്കണം ആധുനിക ഇന്ത്യ എന്ന വീക്ഷണമായിരുന്നു നെഹ്റുവിനുണ്ടായിരുന്നത്. മതേതര ബഹുസ്വര ഇന്ത്യ എന്ന സങ്കല്പത്തിന് ശക്തമായ അടിത്തറ അദ്ദേഹത്തിന്റെ ഭരണകാലത്ത് പാകി.

സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് മുൻതൂക്കമുള്ള ക്ഷേമരാഷ്ട്ര ആശയമാണ് പട്ടിണിയുടെ നടക്കടലിലായിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് നെഹ്റു വിഭാവനം ചെയ്തത്. ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, ഐഐടിയും ഐഐഎമ്മും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിആർഡിഒ അടക്കമുള്ള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐഎസ്ആർഒ ആധുനിക ഇന്ത്യയുടെ അഭിമാനമായ ഈ സ്ഥാപനങ്ങളെല്ലാം നെഹ്റുവിന്റെ സംഭാവനകളാണ്. ഒരു രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ധിഷണാശാലിയായ എഴുത്തുകാരനും മികച്ച വാഗ്മിയുമായിരുന്നു ജവഹർലാൽ നെഹ്റു. ‘Glimpses of world history, Discovery of India’ എന്നിവ നെഹ്റുവിന്റെ ധിഷണാശക്തി പ്രതിഫലിക്കുന്ന രചനകളാണ്.

രാജ്യത്തിന്റെ ഭാവി കുട്ടികളിലാണെന്ന ബോധ്യമുണ്ടായിരുന്ന നെഹ്റു അവരോട് ഏറെ വാത്സല്യം പുലർത്തി. കോട്ടിൽ എന്നും റോസാപ്പൂ ചാർത്തിവരുന്ന അദ്ദേഹത്തെ കുട്ടികൾ
‘ചാച്ചാജി’ എന്നാണ് വിളിച്ചിരുന്നത്. കുട്ടികളോട് നെഹ്റുവിനുണ്ടായിരുന്ന മമതയും സ്നേഹവും തിരിച്ചറിയുന്ന രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായാണ് ആചരിക്കുന്നത്.

കുട്ടികളും ചാച്ചാജിയും

കുട്ടികളെയും പൂക്കളെയുംനെഹ്‌റു എന്നും നെഞ്ചോട് ചേർത്തുവെച്ചു. കുട്ടികളോടുള്ള സ്‌നേഹം ജപ്പാനിലെ കുട്ടികൾക്ക് ആനക്കുട്ടിയെ എത്തിച്ചു കൊടുത്ത കഥയും പ്രസിദ്ധമാണ്.
ഔദ്യോഗിക തിരക്കുകൾക്കിടയിലും ഹോളണ്ട് ,ജർമനി, ജപ്പാൻ തുടങ്ങിയവിടങ്ങളിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
പൂക്കളോടുള്ള ഇഷ്ടം അദ്ദേഹത്തിന്റെ വേഷവലിധാനത്തിലും പ്രതിഫലിച്ചിരുന്നു. തന്റെ കോട്ടിന്റെ ബട്ടൺ ഹോളിൽ ദിവസേന ഒരു ചെമ്പനീർ പൂവ് മൊട്ട് അദ്ദേഹം ധരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More