‘കണ്ണുകൾ രണ്ടും പുഴുവരിച്ച് കാലുകൾ പിണഞ്ഞ നിലയിൽ; ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സർക്കാർ ചെയ്യുന്നത്’

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്നലെ സംസ്‌കരിച്ചു. കണ്ണുകൾ രണ്ടും നഷ്ടപ്പെട്ട് പുഴുവരിച്ച അവസ്ഥയിലായിരുന്നു. കാലുകൾ പിണഞ്ഞ നിലയിലും.
28-ാം തീയതി രാവിലെ ഏറ്റുമുട്ടൽ നടന്ന് 29ന് രാത്രി പുറത്തെത്തിച്ചു എന്ന് പറയപ്പെടുന്ന മൃതദേഹം ഈ അവസ്ഥയിൽ ജീർണ്ണിച്ചത് എങ്ങനെയാണെന്ന് മാവോയിസ്റ്റ് നേതാവ് ഷൈന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. മൃതദേഹം പുറത്തുകൊണ്ടു വരുമ്പോൾ ഇതായിരുന്നു അവസ്ഥയെങ്കിൽ ശരിക്കും മരണം സംഭവിച്ചത് എപ്പോഴായിരിക്കണം? വെറും ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ഈ അവസ്ഥയിൽ എത്തുമോ എന്ന ചോദ്യവും ഷൈന ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സർക്കാർ ചെയ്യുന്നത്
മലേ മഞ്ചക്കട്ടി ഊരിൽ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കാർത്തിക് എന്ന കണ്ണന്റെ മൃതദേഹമാണിത്. കണ്ണുകൾ രണ്ടും നഷ്ടപ്പെട്ട് പുഴുവരിച്ച അവസ്ഥയിൽ, കാലുകൾ പിണഞ്ഞ രീതിയിൽ ആയിരുന്നു ഈ മൃതദേഹം. (മരണത്തിനു മുൻപോ മരണം കഴിഞ്ഞയുടനെയോ സഖാവിന്റെ കാലുകൾ തമ്മിൽ കൂട്ടിക്കെട്ടിയിട്ടുണ്ടായിരിക്കാം.)
28ാം തീയതി രാവിലെ ഏറ്റുമുട്ടൽ നടന്ന് 29ന് രാത്രി പുറത്തെത്തിച്ചു എന്ന് പറയപ്പെടുന്ന ഒരു മൃതദേഹം ഈ അവസ്ഥയിൽ ജീർണ്ണിച്ചത് എങ്ങനെയാണ്? മൃതദേഹം പുറത്തു കൊണ്ടു വരുമ്പോൾ ഇതായിരുന്നു അവസ്ഥയെങ്കിൽ ശരിക്കും മരണം സംഭവിച്ചത് എപ്പോഴായിരിക്കണം? വെറും ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ഈ അവസ്ഥയിൽ എത്തുമോ?
സ്വന്തം മകന്റെ അഴുകി വികൃതമായ ഈ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മന:സാക്ഷി മറുപടി നൽകേണ്ടതുണ്ട്. പത്തു വർഷത്തിനു ശേഷം ഈ തരത്തിൽ നിന്റെ ദേഹം കാണാനാണോ ഞാൻ ജീവിച്ചിരുന്ന തെന്ന അമ്മയുടെ നോവുന്ന ചോദ്യം ന്യായമായ ഉത്തരം ആവശ്യപ്പെടുന്നുണ്ട്.
ക്രൂരമായ കൊലയ്ക്കും അതിലും ക്രൂരമായ അവഗണനക്കും മാത്രമല്ല ഈ മൃതദേഹം ഇരയായത്. കേരളത്തിൽ സംസ്‌കരിക്കാമെന്ന ബന്ധുക്കളുടേയും മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തകരുടേയും അഭ്യർത്ഥന നിരാകരിച്ച് പുതുക്കോട്ടയിൽ സംസ്‌കരിക്കാമെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉറപ്പ് നൽകി എന്ന് ബന്ധുക്കളെ ധരിപ്പിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റിയ ശേഷം പുതുക്കോട്ടയിൽ പൊതുശ്മശാനമില്ലെന്നും അതിനാൽ ട്രിച്ചിയിൽ സംസ്‌കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നും പൊലീസ് പറയുകയും മൃതദേഹം ഏറ്റെടുത്തതിനാൽ (സാങ്കേതികമായി) വേറെ വഴിയില്ലാത്തതിനാൽ പല നാളുകളായുള്ള അലച്ചിൽ അവസാനിപ്പിച്ച് മകന്റെ ദേഹം സംസ്‌കരിക്കാൻ ആ അമ്മ സമ്മതം നൽകുകയായിരുന്നു.
ട്രിച്ചിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവിടെ സംസ്‌കരിക്കാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി ഇവിടെ നിന്നും കാർത്തിയുടെ ശരീരവുമായി പുറപ്പെട്ട ബന്ധുക്കൾ കോയമ്പത്തൂർ എത്തിയപ്പോൾ പെട്ടെന്ന് പൊലീസ് ഇടപെട്ട് ആംബുലൻസ് കോയമ്പത്തൂർ നഞ്ചുണ്ടാപുരം പൊതുശ്മശാനത്തിലേക്ക് തിരിച്ചു വിടുകയും ധൃതി പിടിച്ച് അവിടെവെച്ച് ശവസംസ്‌കാരം നടത്തിക്കുകയുമാണ് ചെയ്തത്. ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ മാന്യമായ ഒരു സംസ്‌കാരത്തിനുള്ള കാർത്തിയുടേയും കുടുംബത്തിന്റേയും ജനാധിപത്യാവകാശത്തെ നിഷേധിച്ചു കൊണ്ട് ഒരു ധീര വിപ്ലവകാരിയുടെ മുതശരീരം ഇരുട്ടിന്റെ മറവിൽ കുഴിവെട്ടിമൂടാനാണ് ഭരണകൂടവും പോലീസും ശ്രമിച്ചത്. എന്നാൽ എത്ര കഴിച്ചുമൂടിയാലും സത്യം ഒരു നാൾ പുറത്തു വരും.
കാർത്തിയുടെ ഘാതകർ ഈ ചോരക്കു മറുപടി പറയേണ്ടി വരും. ഭരണകൂടം ഒരു വിപ്ലവകാരിയെ മാത്രമല്ല അയാളുടെ നിശ്‌ചേതന ശരീരത്തെപ്പോലും ഭയക്കുന്നു എന്നറിയുക!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here