‘നാല്പത്തിയൊന്ന്’ തമിഴ് സംസാരിക്കുന്നു; മുഖ്യവേഷത്തിൽ വിജയ് സേതുപതി

ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ‘നാല്പത്തിയൊന്ന്’ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബിജു മേനോൻ ചെയ്ത ഉല്ലാസ് മാഷിൻ്റെ റോൾ വിജയ് സേതുപതി അവതരിപ്പിക്കുമെന്നാണ് വിവരം. പുതുമുഖം ശരഞ്ജിത് ചെയ്ത വാവാച്ചി കണ്ണന്റെ റോൾ ആര് ചെയ്യുമെന്നു കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മറ്റ് അഭിനേതാക്കളുടെ കാര്യത്തിലും വ്യക്തതയില്ല.
തമിഴിനോടൊപ്പം തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യും. തെലുങ്കിലെ അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ലാൽ ജോസിൻ്റെ 25ആമത്തെ ചിത്രമായിരുന്നു നാല്പത്തിയൊന്ന്. ബിജു മേനോൻ മുഖ്യ വേഷത്തിലെത്തിയ ചിത്രം ശബരിമല കയറുന്ന യുക്തിവാദിയുടെ കഥയാണ് ചർച്ച ചെയ്യുന്നത്. നിമിഷ സജയൻ, ബിജു മേനോൻ എനിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ഒപ്പം ലാൽ ജോസ് ചിത്രത്തിൽ ബിജു മേനോൻ നായകനാവുന്നതും ആദ്യമായാണ്. ഇവരെ കൂടാതെ ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പുതുമുഖം പി.ജി. പ്രഗീഷാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ബിജിബാലാണ് സംഗീതസംവിധാനം. എഡിറ്റിങ് രഞ്ജൻ എബ്രഹാമും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കും. കോസ്റ്റ്യൂംസ് സമീറ സനീഷ്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here