ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ: സമഗ്രാന്വേഷണമാവശ്യപ്പെട്ട് പിതാവ് ചെന്നൈയില്‍

ചെന്നൈ ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും സംഘവും ചെന്നൈയില്‍. തമിഴ്‌നാട് മുഖ്യമന്ത്രി, ഡിജിപി, ഗവർണർ എന്നിവരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കും. അതേ സമയം കേസ് അന്വേഷണത്തിനായി സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി.
ഇന്ന് രാവിലെയാണ് പിതാവ് അബ്ദുൽ ലത്തീഫ് ഉൾപ്പടെയുള്ള സംഘം പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനായി ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഉച്ചയോടെ ചെന്നൈയിലെത്തുന്ന സംഘം വിഷയത്തിന്റെ ഗൗരവം തമിഴ്‌നാട് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തും.
അതേസമയം ഫാത്തിമാ ലത്തീഫിന്റെ വിഷയം നിയമസഭയിലും ചർച്ചയായി. എം നൗഷാദ് എംഎൽഎയാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരൻ മറുപടി നൽകി. സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
കൊല്ലം രണ്ടാംക്കുറ്റിയിലെ ഫാത്തിമാ ലത്തീഫിന്റെ വീട്ടിലേക്ക് രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി ആളുകളാണ് പിന്തുണയുമായി എത്തുന്നത്. തമിഴ്‌നാട്ടിലും വിഷയത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. വിദ്യാർത്ഥി- യുവജന സംഘടനകൾ ഐഐടി യിലേക്ക് മാർച്ച് നടത്തി. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭൻ ഒളിവിലാണെന്നാണ് വാർത്തകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here