ഗാന്ധിയുടെ മരണം ആകസ്മികമെന്ന് ഒഡീഷയിലെ സ്കൂൾ ബുക്‌ലറ്റ്; പ്രതിഷേധം പുകയുന്നു

മഹാത്മാഗാന്ധിയുടെ മരണം ആകസ്മികമെന്ന് ഒഡീഷയിലെ സ്കൂൾ ബുക്‌ലറ്റിൽ പരാമർശം. ആകസ്മികമായ ചില കാരണങ്ങൾ കൊണ്ട് മഹാത്മാഗാന്ധി മരണപ്പെടുകയാണെന്നാണ് ബുക്‌ലറ്റിലെ പരാമർശം. ഒഡീഷ സ്‌ക്കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ബുക്‌ലറ്റിനെതിരെ പ്രതിഷേധം പുകയുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് മാപ്പു പറയണമെന്നാണ് രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആവശ്യപ്പെടുന്നത്.

ഗാന്ധിജിയുടെ 150ആം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് പേജ് ബുക്‌ലറ്റിലാണ് വിവാദ പരാമർശമുള്ളത്. ‘അമാ ബാപൂജി, ഏകജാലക’ (നമ്മുടെ ബാപ്പുജി-ഒരു വീക്ഷണം) എന്ന ബുക്‌ലറ്റിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1948 ജനുവരി 30ന് ഡൽഹി ബിർളാ ഹൗസിലെ പെട്ടെന്നുണ്ടായ സംഭവങ്ങൾക്കിടെ ആകസ്മികമായ കാരണങ്ങൾ കൊണ്ട് ഗാന്ധിജി മരണപ്പെടുകയായിരുന്നു എന്നാണ് ഇതിലെ പരാമർശം. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിവാദ ബുക്‌ലറ്റ് പിൻവലിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവം പരിശോധിച്ചു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ദാസ് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top