പെരിയ ഇരട്ടക്കൊല കേസ്; സിബിഐ അന്വേഷണത്തെ എതിർക്കാൻ ലക്ഷങ്ങൾ പൊടിച്ച് സർക്കാർ

പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ ലക്ഷങ്ങൾ പൊടിച്ച് സർക്കാർ. അഭിഭാഷകൻ മനീന്ദർ സിംഗിന് 20 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. അഭിഭാഷകൻ മനീന്ദർ സിംഗാണ് സർക്കാറിനു വേണ്ടി ഹാജരാകുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആണ് മുതിർന്ന അഭിഭാഷകർ സർക്കാരിനുവേണ്ടി ഹാജരാകുന്നത്. അഭിഭാഷകൻ മനീന്ദർ സിംഗിന് കേസിലെ ഓരോ ഹിയറിംഗിനും നൽകേണ്ടത് 20 ലക്ഷംരൂപയാണ്. പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സർക്കാറിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ മനീന്ദർ സിംഗ് ആയിരുന്നു.
അദ്ദേഹത്തോടൊപ്പമുള്ള ജൂനിയർ അഭിഭാഷകൻ പ്രഭാസ് ബജാജിന് ഒരു ലക്ഷം രൂപ നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇതേ കേസിൽ ഹാജരായ രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. സിപിഎം പ്രവർത്തകർ പ്രതികളായ കൊലപാതക കേസിലെ സിബിഐ അന്വേഷണ വിധിയെ എതിർക്കാൻ ഉയർന്ന പ്രതിഫലം നൽകി മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുന്നത് വ്യാപക വിമർശനം ആണ് വിളിച്ച് വരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here