കാലിഫോർണിയ ഹൈസ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ വിദ്യാർത്ഥി മരിച്ചു

കാലിഫോർണിയ ഹൈസ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ വിദ്യാർത്ഥി മരിച്ചു. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത ശേഷം സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി ചികിത്സക്കിടെ ആശുപത്രിയിൽവച്ചാണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ദക്ഷിണ കാലിഫോർണിയയിലെ സാന്റാ ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ 16 വയസുകാരനായ നതാനിയൽ ബർഹോയാണ് മരിച്ചത്. ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് സഹപാഠികൾക്ക് നേരെ വെടിയുതിർത്ത ശേഷം അവശേഷിച്ച വെടിയുണ്ടയുതിർത്ത് അക്രമി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ആക്രമണം കൃത്യമായ ലക്ഷ്യത്തോടെ മുൻകൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയാതാണെന്ന നിഗമനത്തിലാണ് പൊലീസ്.
Read Also : ന്യൂസിലാൻഡ് വെടിവയ്പ്പ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ
എന്നാൽ ഇതോടെ വിദ്യാർത്ഥിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് ഉത്തരമില്ലാതാകുകയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയും ഇരകളും തമ്മിൽ യാതൊരു ശത്രുതയും ഉള്ളതായി കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. അക്രമിക്ക് ഒരു സംഘടനകളുമായും ബന്ധമില്ലെന്നും ആരുടെയും നിർദേശപ്രകാരമല്ല ആക്രമണം നടത്തിയതെന്നും മുമ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 16 സെക്കന്റുകൾ കൊണ്ട് 5 പേർക്ക് നേരെ വെടിയുതിർത്തത് അക്രമിയുടെ ആയുധമുപയോഗിക്കാനുള്ള വൈദഗ്ധ്യത്തിന്റെ തെളിവാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ അക്രമി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നതിനെക്കുറിച്ചും തെളിവുകൾ ലഭ്യമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here