പൂമരത്തിനു ശേഷം ‘ദി കുങ്ഫു മാസ്റ്ററു’മായി എബ്രിഡ് ഷൈൻ; ചിത്രീകരണം ഹിമാലയത്തിൽ

‘പൂമരം’ എന്ന ചിത്രത്തിനു ശേഷം ഒരു മുഴുനീള ആക്ഷൻ ചിത്രവുമായി സംവിധായകൻ എബ്രിഡ് ഷൈൻ. ‘ദി കുങ്ഫു മാസ്റ്റർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേരു സൂചിപ്പിക്കുന്നതു പോലെ മാർഷ്യൽ ആർട്സുമായി ബന്ധപ്പെട്ടതാണ്. പൂമരത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. പുതുമുഖം ജിജി സ്കറിയയാണ് നായകൻ. ഓഡിഷനിലൂടെയാണ് ജിജിയെ കണ്ടെത്തിയത്.

ഹിമാലയൻ താഴ്‌വരകളിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ്. അഭിനേതാക്കളുടെ പരിക്കും പരിശീലനവും കാലാവസ്ഥയുമൊക്കെ വില്ലനായെങ്കിലും അതിനെയൊക്കെ അതിജീവിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. രണ്ട് സീസൺ കൊണ്ടായിരുന്നു ഷൂട്ടിംഗ്. ബാല്യത്തിൽ കണ്ട ജാക്കിച്ചാൻ, ബ്രൂസ് ലീ സിനിമകളൊക്കെ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് എബ്രിഡ് ഷൈൻ പറഞ്ഞു.

മേജർ രവിയുടെ മകൻ അർജുനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഫുൾ ഓൺ സിനിമാസിന്റെ ബാനറിൽ ഷിബു തെക്കുംപുറം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ ആർ മിഥുൻ ആണ് എഡിറ്റർ.

1983 എന്ന ചിത്രത്തിലൂടെയാണ് എബ്രിഡ് ഷൈൻ സ്വതന്ത്ര സിനിമാ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. വാണിജ്യ വിജയം നേടിയ ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കി. തുടർന്ന് ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങളും എബ്രിഡ് ഷൈൻ ഒരുക്കി. ഇവ രണ്ടും വാണിജ്യ വിജയം നേടിയിരുന്നു. എബ്രിഡ് ഷൈൻ്റെ നാലാം സിനിമയാണ് ദി കുങ്ഫു മാസ്റ്റർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top