വീടോ ഫ്‌ളാറ്റോ വാടകയ്ക്ക് എടുക്കും മുമ്പ് ഈ 10 നിയമങ്ങൾ അറിഞ്ഞിരിക്കുക

ജോലിക്കും പഠനത്തിനുമെല്ലാമായി വീടുവിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ് നാം. അപ്പോഴെല്ലാം വീടോ ഫ്‌ളാറ്റോ വാടകയ്ക്ക് എടുത്താണ് താമസം. എന്നാൽ ഓരോ സ്ഥലത്തും ഉടമകൾ പറയുന്നത് ഓരോ നിയമങ്ങളായിരിക്കും. അതുകൊണ്ട് തന്നെ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ അവകാശങ്ങൾ എന്തൊക്കെയെന്ന് നാം അറിഞ്ഞേ തീരു.

1. കരാർ നിർബന്ധം

വീട് വാടകയ്ക്ക് എടുക്കുമ്പോൾ വീട്ടുടമയും വാടകക്കാരനും തമ്മിൽ കരാറുണ്ടാക്കുക നിർബന്ധമാണ്. ഇത് വാക്കാൽ പോര മറിച്ച് എഴുതി തന്നെ ഉണ്ടാക്കണം. ഇതിന്റെ ഒറിജിനൽ ഉടമയുടെ പക്കലും കോപ്പി വാടകക്കാരന്റെ പക്കലുമായിരിക്കും. എഴുതിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും വാടക തുക.

2. ‘മിന്നൽ പരിശോധനകൾ’ പാടില്ല

വീട്ടുടമയ്ക്ക് വീട് സന്ദർശിക്കണമെങ്കിൽ വാടകക്കാരനെ നേരത്തെ അറിയിച്ചിരിക്കണം. അതായത് ‘മിന്നൽ പരിശോധന’ പാടില്ലെന്ന് ചുരുക്കം. പൈപ്പ്, കറന്റ് തുടങ്ങി എന്ത് അറ്റകുറ്റപ്പണിക്കും 24 മണിക്കൂർ മുമ്പേ തന്നെ വാടകക്കാരനെ അറിയിച്ചിരിക്കണം.

3. വാടക കൂട്ടുന്നത്

വർഷാവർഷം വാടക കൂട്ടുന്നതിനുമുണ്ട് ചില നിബന്ധനകൾ. നിശ്ചിത തുകയിൽ കൂടുതൽ വാടക കൂട്ടാൻ പാടുള്ളതല്ല. കൂട്ടിയ തുക കണക്കുകൂട്ടാൻ ചില മാർഗങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ വാടക കൂട്ടാൻ പാടുള്ളു. ഇതിന് വിപരീതമായി കൂടിയ തുക പറഞ്ഞാൽ വാടകക്കാരന് നിയമപരമായി നീങ്ങാവുന്നതാണ്.

4. സെക്യൂരിറ്റി തുക

വാടകയ്ക്ക് താമസിക്കും മുമ്പ് അഡ്വാൻസ് തുക നൽകേണ്ടതാണ്. എന്നാൽ നിയമപ്രകാരം പ്രതിമാസ വാടക തുകയുടെ മൂന്നിരട്ടിയിൽ കൂടുതൽ അഡ്വാൻസ് തുകയായി വാങ്ങാൻ പാടില്ല.

5. അഡ്വാൻസ് തുക തിരിച്ച് നൽകണം

വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തുക വാടകക്കാരൻ പടിയിറങ്ങുന്ന സമയത്ത് തന്നെ നൽകണം. ഒരു മാസത്തിനകം ഈ തുക തിരികെ വാടകക്കാരന് തിരികെ ഏൽപ്പിക്കണമെന്നാണ് നിയമം.

6. വീടിന്റെ അറ്റകുറ്റപ്പണി രണ്ട് പേരുടേയും ഉത്തരവാദിത്തം

വീടിന്റെ അറ്റകുറ്റപ്പണി വാടക്കാകരന്റെയും വീട്ടുടമയുടേയും ഉത്തരവാദിത്തമാണ്. വാടകക്കാരൻ വരുന്നതിന് മുമ്പ് തന്നെ വലിയ അറ്റകുറ്റപ്പണികളെല്ലാം വീട്ടുടമ തീർത്തുവയ്ക്കണം. പിന്നീടുള്ള ചെറിയ തകരാറുകളെല്ലാം വാടകക്കാരന് പരിഹരിക്കാം. ഇത് സംബന്ധിച്ച് കരാറിൽ ധാരണ വരുത്താം. എന്നാൽ അറ്റകുറ്റപ്പണിക്ക് പണം നൽകാൻ വാടകക്കാരൻ വിസമ്മതിച്ചാൽ അഡ്വാൻസ് തുകയിൽ നിന്ന് വീട്ടുടമയ്ക്ക് ഇത് കുറയ്ക്കാവുന്നതാണ്.

7. അടിസ്ഥാന സൗകര്യങ്ങൾ

വെള്ളം, കറന്റ്, ശുചിമുറി, വൃത്തിയായ ജീവിത സാഹചര്യം എന്നിവ വാടകക്കാരന്റെ അവകാശമാണ്. വാടകയ്ക്ക് നൽകുമ്പോൾ വീട്ടിലുള്ള വെള്ളം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങളിൽ പിന്നീട് കുറവ് വരാൻ പാടുള്ളതല്ല. ഇവയ്ക്ക് വരുന്ന തകരാറോ , വെള്ളം-വൈദ്യുതി കണക്ഷനുകളുടെ വിച്ഛേദനമോ വീട്ടുടമയുടെ ഉത്തരവാദിത്തമാണ്.

8. നോട്ടിസോ വ്യക്തമായ കാരണമോ ഇല്ലാതെ പുറത്താക്കാൻ കഴിയില്ല

മുൻകൂർ നോട്ടിസോ വ്യക്തമായ കാരണമോ ഇല്ലാതെ വാടകക്കാരനെ പുറത്താക്കാൻ കഴിയില്ല. 15 ദിവസം മുതൽ രണ്ട് മാസമോ കരാറിൽ പറയുന്ന കാലാവധി വരെയോ ആകണം നോട്ടിസ് കാലാവധി.

9. അധികകാലം താമസിക്കാൻ നിർബന്ധിക്കേണ്ട

വാടകക്കാരനോട് അധികകാലം താമസിക്കാൻ വീട്ടുടമയ്ക്ക് നിർബന്ധിക്കാനാകില്ല. കരാറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മുൻകൂർ നോട്ടീസ് നൽകി എപ്പോൾ വേണമെങ്കിലും കരാർ റദ്ദാക്കി വീട് വിടാനുള്ള അവകാശം വാടകക്കാരന് ഉണ്ട്.

10. വലിയ തകരാറുകൾ വീട്ടുടമയുടെ ഉത്തരവാദിത്തം

വീടിന് വരുന്ന ഗുരുതരമായ വലിയ തകരാറുകൾ വീട്ടുടമയുടെ ഉത്തരവാദിത്തമായിരിക്കും. അറ്റകുറ്റപ്പണി, മറ്റ് നിർമാണ പ്രവർത്തനങ്ങൾ എന്നിവ നിർവഹിക്കേണ്ടത് വീട്ടുടമയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top