കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്റ്റിമേറ്റ് പരിഷ്‌കരിക്കേണ്ടി വന്ന മുഴുവൻ പദ്ധതികളും പരിശോധിക്കും : തോമസ് ഐസക്ക്

പാലാരിവട്ടം പാലം പോലെ ടെൻഡർ എക്‌സസ് മൂലം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്റ്റിമേറ്റ് പരിഷ്‌കരിക്കേണ്ടി വന്ന മുഴുവൻ പദ്ധതികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ച മൂലം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അടുത്ത മാസത്തെ ശമ്പളവും പെൻഷനും നൽകുന്നതിനായി ഈ മാസം മുതലേ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച ധനമന്ത്രി തോമസ് ഐസക്, കേന്ദ്ര നയങ്ങളാണ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചതെന്ന് മറുപടി നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങളും പ്രതിസന്ധിക്ക് കാരണമായതായി മന്ത്രി തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ നിയമിച്ച മന്ത്രിസഭാ ഉപസമിതിയുടെ അവസ്ഥ എന്തായി എന്ന് പ്രതിപക്ഷം ചോദിച്ചു.

സംസ്ഥാനത്തിന്റെ ആളോഹരി കടവും പൊതു കടവും വർധിച്ചുവെന്ന് ആവർത്തിച്ച പ്രതിപക്ഷം, സാമ്പത്തിക പ്രതിസന്ധി കാരണം 1133 കോടിയുടെ ബില്ലുകൾ മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

 

assembly, tm thomas isaac, palarivattom bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top