‘ആ കമന്റുകൾ വേദനിപ്പിച്ചു, അവരെ വെറുതെ വിടുക’; വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി സ്‌നേഹയുടെ ആദ്യ ഭർത്താവ്

സീരിയൽ താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇതിനിടെ സ്‌നേഹയുടേയും ആദ്യ ഭർത്താവ് ദിൽജിത്തിന്റേയും വിവാഹഫോട്ടോകൾവച്ച് ചിലർ വിദ്വേഷ പരാമർശങ്ങൾ പടച്ചുവിട്ടു. ഇതിന് മറുപടിയും സ്‌നേഹക്ക് വിവാഹാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിൽജിത്ത്.

തന്റേയും സ്‌നേഹയുടേയും വിവാഹമോചനം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ദിൽജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. സ്‌നേഹ വിവാഹിതയാവുന്നു എന്നത് നല്ല തീരുമാനമാണ്. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്തയാണത്. എന്നാൽ തങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ വിഷമിപ്പിച്ചുവെന്ന് ദിൽജിത്ത് പറഞ്ഞു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്ന സ്‌നേഹയേയും ശ്രീകുമാറിനേയും വെറുതെ വിടണമെന്നും ദിൽജിത്ത് അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

‘വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.
ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ.. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.

പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വർഷം മുൻപ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റ്‌സിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.

അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന് ആശംസകൾ

Story highlights- Sneha sreekumar, Sreekumar, Celebrity wedding

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More