സംസ്ഥാന സ്‌കൂള്‍ കായികോത്സവം: കിരീടം ഉറപ്പിച്ച് പാലക്കാട്

മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ 169.33 പേയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 150.33 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ 19 പോയിന്റെ വ്യത്യാസമാണ് പാലക്കാടും എറണാകുളവും തമ്മിലുള്ളത്. സ്‌കൂളുകളില്‍ പാലക്കാട് കല്ലടി സ്‌കൂളും കോതമംഗലം മാര്‍ ബേസിലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 61.33 പേയിന്റാണ് കോതമംഗലം മാര്‍ ബേസില്‍ ഇതുവരെ നേടിയത്. 56.33 പോയിന്റാണ് കല്ലടി സ്‌കൂളിനുള്ളത്.
ഇന്ന് രാവിലെ നടന്ന മത്സരങ്ങളില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ അക്ഷയ് എസ് 800 മീറ്ററില്‍ സ്വര്‍ണനേട്ടത്തോടെ ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ പ്രിസ്‌കില ഡാനിയല്‍ ഒന്നാമതെത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തില്‍ കോതമംഗലം മാര്‍ ബേസിലിലെ അലന്‍ ബിജു ഒന്നാമതെത്തി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ റോഷ്‌നാ അഗസ്റ്റിന്‍ ഒന്നാമതെത്തി. ഇനി 4×400 മീറ്റര്‍, 200 മീറ്റര്‍ സ്പ്രിന്റ് തുടങ്ങിയവയാണ് നടക്കാനുള്ളത്. ഉച്ചയ്ക്കുശേഷം ഇവ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here