കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേട്; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സർവകലാശാല ആസ്ഥാനത്തെത്തി പരീക്ഷ കൺട്രോളർ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡിവൈഎസ്പി എംഎസ് സന്തോഷ് പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിക്ക് കേരള സർവകലാശാല വൈസ്ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സർവകലാശാല ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം രജിസ്റ്റാർ, ഡെപ്യുട്ടി രജിസ്റ്റാർ, പരീക്ഷ കൺട്രോളർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി.
2016 ജൂൺ മുതൽ 2019 ജനുവരി വരെ നടന്ന 12 പരീക്ഷകളിൽ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ കമ്പ്യൂട്ടർ സെന്ററിലെ ബാക്ക്അപ് വിവരങ്ങളും
ശേഖരിച്ചു. ബോധപൂർവ്വമുള്ള തട്ടിപ്പാണോ സോഫ്റ്റ് വെയർ തകരാറാണോ ഉണ്ടായതെന്നാണ് ആദ്യം പരിശോധിക്കുകയെന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎസ് സന്തോഷ് പറഞ്ഞു.
അതിനിടെ പരീക്ഷ കൺട്രോളറുടെ സർക്കുലറുകളും അവഗണിച്ചതാണ് ക്രമക്കേടിന് വഴിയൊരുക്കിയതെന്നും വ്യക്തമായിട്ടുണ്ട്. പരീക്ഷ സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകൾ പരിഹരിക്കാനുള്ള നിർദേശം നേരത്തെ കമ്പ്യൂട്ടർ സെന്റർ ഡയറക്റ്റർക്ക് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇക്കാര്യത്തിലും അവധി ദിവസം സെന്റർ പ്രവർത്തിപ്പിച്ചതിനും ഡയറക്ടർക്ക് രജിസ്റ്റാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. അതേസമയം,സർവകലാശാല വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന സിൻഡിക്കേറ്റിൽ സമർപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here