കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

കോഴിക്കോട് അത്തോളിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിക്കെതിരെ പോസ്‌കോ വകുപ്പ് പ്രകാരം കേസെടുത്തു.
ഇന്നലെ വൈകീട്ട് അത്തോളി അങ്ങാടിയിലായിരുന്നു സംഭവം. സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ പരിചയം നടിച്ചാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. അമ്മ ഒരു മരിച്ച വീട്ടിലുണ്ടെന്നും ഉടനെ അവിടേയ്ക്ക് ചെല്ലണമെന്നും പറഞ്ഞാണ് കുട്ടിയെ ബൈക്കിൽ കയറ്റി തട്ടികൊണ്ടു പോകാൻ ശ്രമം നടത്തിയത്. എന്നാൽ ബൈക്ക് കോഴിക്കോട് ഭാഗേത്തക്ക് പോകുന്നതിനിടെ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി ബഹളംവച്ചു. തുടർന്ന് യുവാവ് പെൺകുട്ടിയെ റോഡരികിൽ ഇറക്കിവിടുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. അത്തോളി അന്നശ്ശേരിയിലെ വാടകവീട്ടിൽവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here