ഷാഫി പറമ്പില്‍ എംഎല്‍എയെ വളഞ്ഞിട്ട് തല്ലി പൊലീസ്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പരിക്കേറ്റ ഷാഫി പറമ്പില്‍ എംഎല്‍എയെ ആശുപത്രിയില്‍ എത്തിക്കാതെ പൊലീസ് ക്യാമ്പിലേക്ക് മാറ്റിയത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എആര്‍ ക്യാമ്പിലായിരുന്ന ഷാഫി പറമ്പിലിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പൊലീസിന്റെ ലാത്തിച്ചാര്‍ജെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെ കൊന്നവര്‍ വെറുതെ നടക്കുകയാണ്. പ്രശ്‌നം ഉണ്ടാവരുതെന്ന് കരുതിച്ചെന്ന എന്റെ തല തല്ലിപ്പൊളിച്ചു. ഈ ആവേശമൊക്കെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ സമരത്തിന്റെയൊന്നും ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്ക് പൊട്ടലുണ്ട്.
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പട്ടായിരുന്നു കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ച്. എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാര്‍ച്ചിനു നേരെ രണ്ടുതണവ ഗ്രനേഡും ഒരുതവണ ടിയര്‍ ഗ്യാസും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. തുടര്‍ന്നാണ് ലാത്തി വീശിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here