ആദ്യ മലയാളി മിസ്റ്റർ യൂണിവേഴ്‌സായി വടുതലക്കാരൻ ചിത്തരേശ് നടേശൻ; ജന്മനാട്ടിൽ ഗംഭീര സ്വീകരണം

ആൺ ശരീരസൗന്ദര്യത്തിൽ കേരളം ലോകം കീഴടക്കി. അത്ഭുതപ്പെടേണ്ട, കൊച്ചി വടുതല സ്വദേശി ചിത്തരേശ് നടേശൻ മിസ്റ്റർ യൂണിവേഴ്‌സായതിനെ പറ്റിയാണ് പറയുന്നത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണൊരാൾ പുരുഷ ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം നേടുന്നത്.
വടുതലയിലെ ആസ്ബറ്റോസ് ഷീറ്റിട്ട രണ്ട് മുറി വീട്ടിൽ നിന്ന് കഷ്ടപ്പാടുകൾ നിറഞ്ഞ പാതയിലൂടെയാണ് പുരുഷ ഉടലഴകിന്റെ രാജാവാകാൻ ചിത്തരേശ് നടേശന് സാധിച്ചത്. 55 മുതൽ 110 കിലോഗ്രാം വരെയുള്ള ഒൻപത് ലോക ചാമ്പ്യൻമാരെയാണ് ചിത്തരേശ് പരാജയപ്പെടുത്തിയത്. ഡൽഹിയിൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് ചിത്തേരശിന്റെ നേട്ടം. 90 കിലോ സീനിയർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇദ്ദേഹം കിരീടം ചൂടിയത്. മുമ്പ് മിസ്റ്റർ കേരളയും മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ഏഷ്യയുമായിരുന്നു.
കൊച്ചിയിൽ ചിത്തരേശിന് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയും ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് എറണാകുളവുമാണ് ഇദ്ദേഹത്തിന് സ്വീകരണം നൽകിയത്.
വടുതലക്കാരും ചിത്തരേശന് ഗംഭീര സ്വീകരണം നൽകി. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ കൂടെ സെൽഫിയെടുക്കാനും കാണാനും തിരക്ക് കൂട്ടിയത്. 38 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത് മത്സരത്തിൽ നാടിന്റെ പേര് നെറുകയിൽ എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചിത്തരേശ് പറഞ്ഞു. ആരാധകർക്ക് മുന്നിൽ പ്രകടനം പുറത്തെടുക്കാനും ചിത്തരേശ് നടേശൻ മറന്നില്ല.
chitharesh nadesan, mr universe 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here