ജെഎന്‍യു; വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഗണിക്കാമെന്ന് ഉന്നതാധികാര സമിതി

ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പുരോഗതിയെന്ന് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു.

വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതിയുമായാണ് സര്‍വകലാശാല യൂണിയന്‍ അംഗങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തിയത്. ഹോസ്റ്റല്‍ പ്രസിഡന്റുമാരുമായും വൈകീട്ട് സമിതിചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികള്‍ പങ്കുവച്ച ആശങ്കകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു.

അതേ സമയം ഹോസ്റ്റല്‍ ഫീസ് വര്‍ധനവും മാനുവലും പിന്‍വലിക്കുന്നവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്തേക്കുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പിന്‍വലിച്ചു.

ഉന്നതാധികാര സമിതി ഭിന്നശേഷി വിദ്യാര്‍ത്ഥികളുമായി അടുത്ത ദിവസം ചര്‍ച്ച നടത്തും. അതേസമയം സമരം പിന്‍വലിക്കണമെന്നും ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top