വിദ്യാഭ്യാസ ബന്ദിനോട് സഹകരിക്കാതിരുന്ന നഴ്‌സിംഗ് കോളജിന്റെ കണ്ണാടിച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു

വിദ്യാഭ്യാസ ബന്ദിനോട് സഹകരിക്കാതിരുന്ന നഴ്‌സിംഗ് കോളജിന്റെ കണ്ണാടിച്ചില്ലുകള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ കോളജ് പ്രിന്‍സിപ്പലിന് പരിക്കേറ്റു. തിരുവനന്തപുരം പാറ്റൂരിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പഠിപ്പുമുടക്കാന്‍ എത്തിയെങ്കിലും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് വിടാത്തത് കെഎസ്‌യു പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.

കെഎസ്‌യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ സുലേഖാ റഷീദ് പറഞ്ഞു. തുടര്‍ന്ന് കോളജിന്റെ കോണ്‍ഫറന്‍സ് റൂമിന്റെ കണ്ണാടിച്ചില്ലുകള്‍ പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അടിച്ചുതകര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ പത്തോളം വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജിന്റേത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും കണ്ണാടിച്ചില്ല് മനഃപൂര്‍വം അടിച്ചുതകര്‍ത്തതല്ല, തിക്കിലും തിരക്കിലും സംഭവിച്ചതാകാമെന്നുമാണ് കെഎസ് യുവിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top