ഫാത്തിമ ലത്തീഫിന്റെ മരണം: അധ്യാപകന് രക്ഷപെടാന്‍ കഴിയും വിധമാകും പൊലീസ് റിപ്പോര്‍ട്ടെന്ന് സൂചന

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ അധ്യാപകന് രക്ഷപെടാന്‍ കഴിയും വിധമാകും പൊലീസ് റിപ്പോര്‍ട്ടെന്ന് സൂചന. ഫാത്തിമയുടെ ദുരൂഹ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതുവരെയുള്ള പൊലീസ് നടപടികള്‍ ആരോപണ വിധേയനായ അധ്യാപകന് അനുകൂലമാണ്.

ഫാത്തിമയുടെ സഹപാഠികളും ഹോസ്റ്റലില്‍ താമസിക്കുന്നവരും അധ്യാപകനെതിരെ മൊഴി നല്‍കിയിട്ടില്ല. ഐഐടി അധികൃതരെ ഭയന്നാണ് മൊഴി നല്‍കാത്തതെന്നാണ് സൂചന. അവധിയിലുള്ള ആറ് വിദ്യാര്‍ഥികളില്‍ നിന്ന് ഫോണിലൂടെയാണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ട് അധ്യാപകരുടെ പേരുകള്‍ പ്രിന്റൗട്ടില്‍ ബന്ധു തിരുത്തിയെഴുതിച്ചേര്‍ത്തെന്ന ആരോപണവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

17 പേരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഫാത്തിമയുടെ മരണത്തിന്റെ പ്രധാന കാരണക്കാരന്‍ എന്ന് കുടുംബം ആരോപിക്കുന്ന സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. ഐഐടി ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലാണ് ഇവരെ ചോദ്യം ചെയ്തത്. ഫാത്തിമ ഫോണില്‍ കുറിച്ച വിവരങ്ങളുടെ ആധികാരികതയും അവ പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഫോറന്‍സിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഫാത്തിമയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഉടന്‍ കൊല്ലത്ത് എത്തും. ഫാത്തിമയുടെ ലാപ്‌ടോപ്പും ഐ പാഡും കൂടി പരിശോധിച്ച ശേഷമേ അന്വേഷണ സംഘം റിപ്പോര്‍ട്ട് തയാറാക്കൂ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top