ഇഎ സ്പോർട്സ് വാക്കു പാലിച്ചു: ഫിഫ 20ൽ ഐഎസ്എല്ലും; ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ഇന്ത്യൻ താരം സുനിൽ ഛേത്രി
ഇഎ സ്പോർട്സിൻ്റെ ഏറെ പ്രശസ്തമായ ഫുട്ബോൾ ഗെയിമാണ് ഫിഫ. ഫിഫ ഗെയിമിൽ ഐഎസ്എൽ ഉൾപ്പെടുത്താനുള്ള ആലോചനയുണ്ടെന്ന് കുറച്ച് നാളുകൾക്ക് മുൻപ് ഇഎ സ്പോർട്സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ അവർ വാക്കു പാലിച്ചിരിക്കുകയാണ്.
ഫിഫ 20ൻ്റെ മൊബൈൽ വേർഷനിലാണ് ഐഎസ്എൽ ഇടം പിടിച്ചത്. ഫിഫ 20 ൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഇതുള്ളത്. ലീഗിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ താരം ഇതിഹാസ ഫുട്ബോളർ സുനിൽ ഛേത്രിയാണ്. 78 ആണ് ഛേത്രിയുടെ ഓവറോൾ റേറ്റിംഗ്. ബെംഗളൂരു എഫ്സി താരമായ ഛേത്രിക്ക് 94 ഫിനിഷിംഗും 96 സ്പ്രിൻ്റ് സ്പീഡുമുണ്ട്.
ലീഗിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള താരം എഫ്സി ഗോവയുടെ ഫോർവേഡ് ഫെറൻ കോറോമിനാസ് എന്ന കോറോയ്ക്കാണ്. 81 ആണ് കോറോയുടെ ഓവറോൾ റേറ്റിംഗ്. കോറോയുടെ ഫിനിഷിംഗ് 100 ആണ്. ഷോട്ട് പവർ 94 ഉണ്ട്.
എടികെ താരം റോയ് കൃഷ്ണയുടെ റേറ്റിംഗ് 71ഉം നോർത്ത് ഈസ്റ്റിൻ്റെ ഘാന ഇതിഹാസം അസമോവ ഗ്യാൻ്റെ റേറ്റിംഗ് 70ഉം ആണുള്ളത്.
ബ്ലാസ്റ്റേഴ്സ് നിരയിൽ മുന്നേറ്റ താരം ബർതലോമ്യു ഓഗ്ബച്ചെയാണ് ഏറ്റവും ഉയർന്ന റേറ്റിംഗുള്ള താരം. 80 ആണ് ഓഗ്ബച്ചെയുടെ ഓവറോൾ റേറ്റിംഗ്. മലയാളി ഗോൾ കീപ്പർ ടിപി രഹനേഷിൻ്റെ റേറ്റിംഗ് 72 ആണ്. മരിയോ ആർക്കസ് (69), ജിയാനി സൂയിവെർലൂൺ (64) സന്ദേശ് ജിങ്കൻ (63) എന്നിങ്ങനെയാണ് മറ്റു കളിക്കാരുടെ റേറ്റിംഗ്. മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ റേറ്റിംഗ് 56 ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here