Advertisement

വാളയാർ പീഡന കേസ്; വിചാരണക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

November 20, 2019
Google News 1 minute Read

വാളയാർ പീഡന കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ പുനർവിചാരണയും തുടരന്വേഷണവും വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി ഹർജിയിൽ സർക്കാർ വ്യക്തമാക്കി.

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ആദ്യ മരണത്തിൽ ലൈംഗിക പീഡനം കണ്ടെത്തിയെങ്കിലും ആ ദിശയിൽ അന്വേഷണം നടന്നില്ല. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായി.

ഇത് രണ്ടാമത്തെ കുട്ടിയുടെയും മരണത്തിലേക്ക് നയിച്ചു. രണ്ടാം മരണത്തിലും അന്വേഷണം കാര്യക്ഷമമായില്ല. മരണം കൊലപാതകമാകാമെന്ന് ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, കൊലപാതക സാധ്യത അന്വേഷണ വിധേയമാക്കിയില്ല. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. പ്രതികൾക്കെതിരായ തെളിവുകൾ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അന്തിമ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. ഇത് കേസ് നടത്തിപ്പിൽ വീഴ്ചയ്ക്ക് കാരണമായി.

കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നും അപ്പീൽ ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുക പുനർവിചാരണ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് മരിച്ച പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീൽ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറിച്ചെന്നും ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

valayar rape case, state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here