വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

വാളയാർ കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ട നടപടി വിശദമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പൊലീസിന് സംഭവിച്ച വീഴ്ച, പ്രതികളെ കുറ്റവിമുക്തരാക്കാനിടയായ സാഹചര്യം എന്നിവയാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ വരിക. അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് മുൻപേ അറിഞ്ഞതാണ്. ഏത് അന്വേഷണം നടന്നാലും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പാലക്കാട് പോക്‌സോ കോടതി വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി സർക്കാരും രംഗത്തെത്തി. പ്രോസിക്യൂഷൻ വീഴ്ചയെപ്പറ്റി അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. പൊലീസിന്റെ വീഴ്ചകളെപ്പറ്റി അന്വേഷിക്കാൻ തൃശൂർ റേഞ്ച് ഡിഐജി കെ സുരേന്ദ്രനോടും സർക്കാർ നിർദേശിച്ചിരുന്നു. പൊലീസ് നപടിയിലും പ്രോസിക്യൂഷൻ നടപടിയിലും വീഴ്ച സംഭവിച്ചെന്ന് കാണിച്ച് ഇരുവരും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

Story highlights- valayar rape case, valayar case, CBI investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top