ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ നിലപാടു മാറ്റത്തിൽ താക്കീതുമായി പുന്നല ശ്രീകുമാർ

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടു മാറ്റത്തില്‍ താക്കീതുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ശബരിമല വിഷയത്തിലടക്കമുള്ള പരിഷ്‌കരണ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ സമിതിയില്‍ നിന്നിട്ട് കാര്യമില്ലെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. നവോത്ഥാന ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കെ പി എം എസിനു അറിയാമെന്നും ഇതിനു സര്‍ക്കാരിന്റെ പിന്തുണ ആവശ്യമില്ലെന്നും അദ്ദേഹം 24 ന്റെ 360 യില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപിത നിലപാടില്‍ നിന്നും പിന്നോട്ട് പേകാന്‍ സര്‍ക്കാരിനു കഴിയില്ല. മറിച്ചായാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സമൂഹത്തിനു ബുദ്ധിമുട്ടാകും. ശബരിമല വിഷയത്തിലടക്കം പരിഷ്‌കരണത്തിന്റേതായ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിയുന്നുവെങ്കില്‍ സമിതിയില്‍ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌കരണത്തിന്റേതായ ആശയങ്ങള്‍ തുടരുന്നതില്‍ നിലപാട് മാറ്റിയാല്‍ സമിതിയുടെ പ്രവര്‍ത്തനം സമൂഹത്തെ ബോധ്യപ്പെടുത്താനാകില്ല. സമിതി പ്രസിഡൻ്റായ വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹമാണ്. പൊതു ആശയങ്ങളെ അംഗീകരിക്കുന്നതുകൊണ്ടാണ് ഈ പ്ലാറ്റ്‌ഫോമിനെ അദ്ദേഹം അംഗീകരിക്കുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ തെറ്റായിരുന്നുവെന്ന് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top