വയനാട്ടില്‍ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്‌കൂളിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവെച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം. ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് (10)  ഇന്നലെ പാമ്പ് കടിയേറ്റ് മരിച്ചത്.ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകളാണ്.

ഇന്ന് വൈകീട്ട് നാലോടെ സ്കൂളിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.

കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതും ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ക്ലാസ് മുറികളിൽ നിരവധി മാളങ്ങൾ ഇനിയുമുണ്ടെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിൽവെച്ച് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിൽ കാല് കുടുങ്ങുകയും കാലിൽ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും അധ്യാപകർ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ. രക്ഷിതാവിനെ വിവരമറിയിക്കാൻ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികൾ പറയുന്നു.

എന്നാൽ രക്ഷിതാവ് താൻ വന്ന ശേഷം ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം. സ്‌കൂളിന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ലെന്നും പ്രധാനാധ്യപകൻ പറഞ്ഞു.

സംഭവത്തിൽ കളക്ടറുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

snake bite, student death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top